ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പൊതുമരാമത്ത് 25 ലക്ഷം രൂപ അനുവദിച്ചതായി വിനു ജോബ് എംഎല്‍എ അറിയിച്ചു. ചങ്ങനാശേരി നിയോജകമണ്ഡലം പരിധിയില്‍പ്പെട്ട പെരുന്ന റെഡ്സ്ക്വയര്‍ ജംഗ്ഷന് മുതല്‍ പായിപ്പാട് ആഞ്ഞിലിത്താനം വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ റോഡിലെ യാത്ര സുഗമമാകും.
കരാര്‍ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാത്തതുമൂലമാണ് ചങ്ങനാശേരി-കവിയൂര്‍ റോഡ് വികസന പദ്ധതികള്‍ നിലച്ചു കിടക്കുന്നത്. 2018ലാണ് 14 കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡിന്റെ നിർമാണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. കിഫ്ബിയില്‍നിന്നും അനുവദിച്ച 33 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്തു വകുപ്പ് മല്ലപ്പള്ളി ഡിവിഷന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട നിര്‍മാണ ജോലികള്‍ നടന്നത്.
പിന്നീട് കെആര്എഫ്ബിക്കായിരുന്നു നിര്‍മാണച്ചുമതല. നാലുതവണ ടെന്‍ഡര്‍ നല്‍കിയിട്ടും കരാറുകാര്‍ ബിസി നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ ഏറ്റെടുക്കാന്‍ എത്താത്തതാണ് നിര്‍മാണ ജോലികള്‍ തടസപ്പെടാന്‍ കാരണമായത്. ഈ വിഷയം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. തോട്ടഭാഗം മുതല്‍ ആഞ്ഞിലിത്താനം വരെയുള്ള ഭാഗം തിരുവല്ല നിയോജകമണ്ഡലത്തിന്റെ പരിധിയിലും ആഞ്ഞിലിത്താനംമുതല് ചങ്ങനാശേരി പെരുന്ന രാജേശ്വരി ജംഗ്ഷന് വരെയുള്ള ഭാഗം ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ പരിധിയിലുമാണ്.
തോട്ടഭാഗം മുതല്‍ പെരുന്നവരെ ഭാഗത്ത് ആദ്യഘട്ടമായി ബിഎം നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ നാലുവര്ഷംമുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസവും റോഡ് നിര്‍മാണത്തിലെ പ്രതിസന്ധിയാണ്. പായിപ്പാട് ജംഗ്ഷന്, സന്ദരിപ്പടി ഭാഗം, നാലുകോടി, മുക്കാട്ടുപടി, ഇരൂപ്പ, ഫാത്തിമാപുരം ഭാഗങ്ങളെല്ലാം തകര്‍ന്ന നിലയിലാണ്. മഴക്കാലത്ത് രാജേശ്വരി ജംഗ്ഷനില്‍ വെള്ളക്കെട്ടുണ്ടായി വാഹന സഞ്ചാരവും കാല്നടപ്പും ദുരിതമാകുകയാണ് പതിവ്.